Thursday, 29 June 2017

എന്നിലെ നിന്നെ എരിച്ചു  തീര്ക്കുകയാണ്
ഒരു സിഗരട്ടുകുറ്റിയുടെ രൂപത്തില്‍ .
പക്ഷെ നീ ഒരു അര്ബുധമായി എന്റെ ഞരമ്പുകളിലൂടെ
ശിരസിലേയ്ക്ക്  കടന്നുചെല്ലുന്നു 
എന്റെ കൈവിരലുകളെ നിയന്ത്രിക്കുന്നു
എന്നില്‍ ഒരു കവിതയായി പടരുന്നു
നിനക്കുവേണ്ടി മാത്രമാണു ഞാന്‍
എഴുതേണ്ടതെന്നു വാശിപിടിക്കുന്നു
എന്റെ ചലനങ്ങളെ യാന്ത്രികമാക്കുന്നു.
വറ്റാത്ത ഉറവപോലെ നീ നിലത്തെറ്റിയൊഴുകുന്നു
എന്നിട്ടുമെന്തേ ഞാൻ വറ്റിവരണ്ടു  പോകുന്നത് ഇന്നും

Monday, 5 June 2017

ഓർമ

ആശുപത്രി വളപ്പിലെ പടികള്‍ പിടിച്ചുകൊണ്ട് ആ സ്ത്രീ
പതുക്കെ അയാളെ മുട്ടാതെ കടന്നു പോയി.
അവള്‍ മധുരതോടുള്ള കൊതിയും മറന്നു കാണുമോ ?
ഉറക്കമിളച്ചു ഉണ്ടാക്കിയ മധുരകൂട്ടുകള്‍ അവിടെയെവിടെയോ
വച്ച് ആ വൃദ്ധന്‍ തിരിഞ്ഞു നടന്നു.
നാശം ! ഈ ഓര്‍മകള്‍ക്കിന്നും കയപ്പിനോടുതന്നെയാണ് കൊതി

പെണ്ണേ

ഇരുട്ടിന്റെ അരണ്ട വെളിച്ചത്തില്‍ രണ്ടു പെണ്‍ ശരീരങ്ങള്‍ .
നിന്റെ വളവുകള്‍, നോവുകള്‍, മുറിപ്പാടുകള്‍, മൂളിച്ചകള്‍.
പാപമത്രേ ഈ സംഭോഗം .
പക്ഷെ പെണ്ണേ  എനിക്കിന്നു നിന്നോളമില്ല മറ്റൊന്നും .

അച്ഛന്‍റെ മണം

                 
ഈ അച്ഛന്‍റെ  ചുറ്റും എന്നും മൂക്കുപോടിയുടെയും
ബീഡിയുടെയും നാറ്റമായിരുന്നു .
ഞാനതിനെ  അച്ഛന്‍റെ  മണം  എന്നാ വിളിക്കാറ്.
ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും സമ്മതിക്കാതെ
അത് അച്ഛനെ വരിഞ്ഞു നില്‍ക്കും .

പക്ഷെ ഇന്ന് അച്ഛന് നല്ല വാസന ഉള്ള ചന്ദനതിരികളുടെ
മാത്രം മണെ ഉള്ളു .
എന്നിട്ടും അമ്മയ്ക്കതു ഇഷ്ടായില്ലാന്നു  തോന്നണു,
ഇരുന്നു കരയണ കണ്ടില്ലേ .

കരഞ്ഞോട്ടെ ! പക്ഷെ ഞാനിന്നു അച്ഛനെ മതിയാകണ വരെ കെട്ടിപിടിക്കും
അച്ഛന്‍ വിടാന്‍ പറഞ്ഞാലും ഞാന്‍ വിടില്ല .