
"എന്ത് മഴയാ ഈ പെയ്യണത്. ഈ നേരത്ത് ആണല്ലോ കുട്ടിക്ക് പുഴയിൽ പോയി കുളിക്കാൻ തോന്നിയത്".
"കണ്ണൊന്നു തെറ്റിയാൽ മതി ന്റെ കുട്ടീടെ കാര്യം നോക്കാൻ ആർക്കും സമയില്ല. വല്ലപ്പോഴും അല്ലെ പറയണുള്ളു. അപ്പൊ ഞാൻ കൂടെ ഇല്ലാതായാല് ന്റെ മോൾടെ അവസ്ഥ എന്തായിണ്ടാകും". - പിറുപിറുത്തുകൊണ്ട് സേതു മുറ്റത്തു തലങ്ങും വിലങ്ങും നടന്നു കൊണ്ടിരുന്നു.
"സേതു, നീ ഒന്നു വന്നിരിക്കു ഇവിടെ. അമ്മാളു വന്നോണ്ട്. നോക്കു , ഞാൻ രണ്ടുപേരെ പുഴക്കരെയ്ക്ക് അയച്ചിണ്ട് അവര് അമ്മാളുനേം കൊണ്ടേ വരൂ. ".
- വേണു മാഷിൻ്റെ ശബ്ദത്തിലെ ദൈന്യത സേതുവിന് മാനസിലായിക്കാണില്ല.
"മാഷ് ഇതെന്തറിഞ്ഞിട്ടാ പറയണത്. അമ്മാളു പോയിട്ട് എത്ര നേരായി എന്ന് വല്ല നിശ്ചയുണ്ടോ ?. അതും ആ മൂശേട്ട പെണ്ണുങ്ങളുടെ കൂടെ. ഞാൻ കണ്ടതാണെങ്കിൽ വിടില്ലായിരുന്നു. അസത്തുക്കളാ, അങ്ങാടിടെ മുന്നിക്കൂടേയെ നടക്കൂ. എന്നാലല്ലേ കണ്ടവരോടൊക്കെ കൊഞ്ചിക്കൊഴയാൻ പറ്റു. അവറ്റോൾടെ കൂടെയാ അമ്മാളൂനെ വിട്ടിരിക്കണേ. എവിടെ, എന്റെ കുട്ടിയെ നോക്കാൻ ആർക്കാ ഇവിടെ സമയോം നേരോം ഒക്കെ. ഞങ്ങൾ ആരും ഇല്ലാത്തോരാണല്ലോ ".
- സേതുവിൻറെ ശബ്ദത്തിൽ ദേഷ്യവും നിസ്സഹായതയും പരസ്പരം മത്സരിച്ചു.
"ഞാൻ ഒന്ന് പോയി നോക്കിയാലോ മാഷേ ആ പൊഴക്കര വരെ. ചിലപ്പം അവിടെ കളിച്ചിരിപ്പുണ്ടാകും". ഒന്ന് ആലോചിച്ചതിനു ശേഷം സേതു തുടർന്നു. " അല്ലെങ്കിൽ വേണ്ട അവൾ ഇങ്ങട്ട് വരട്ടെ. ഈ ഈർക്കിലി കൊണ്ട് ഒന്ന് കൊടുക്കണുണ്ട് അവൾക്ക് , വേദനിക്കാതെ".
- അയാൾ സമാധാനിച്ചു.
"അതെ, അതന്നയാ സേതു ഞാനും പറേണെ. അമ്മാളു അവിടെ കൂട്ടാര്ടെ കൂടെ കളിച്ചിരിക്കണുണ്ടാകും. കൊറച്ചൂടെ നേരം കഴിയട്ടെ അവളിങ്ങെത്തും. നീയൊന്നു മുറ്റത്തീന്നു കയറി ഈ കോലായിൽ ഇരിക്കൂ. മഴയും കൊണ്ട് എത്ര നേരായി ഈ നടപ്പു തുടങ്ങീട്ട്".
- വേണുമാഷ് നിറുത്താതെ അപേക്ഷിച്ചുകൊണ്ടിരുന്നു.
മുറ്റത്ത് കൂടിയും കുറഞ്ഞും വന്നുകൊണ്ടിരുന്ന ആൾക്കൂട്ടം അയാളിൽ ഭയത്തിന്റെയും ദേഷ്യത്തിന്റെയും വിത്തുകൾ പാകിക്കൊണ്ടിരുന്നു. ആ മഴയ്ക്കും അയാളുടെ ഉള്ളു തണുപ്പിക്കാനായില്ല.
"നിങ്ങൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ കൂട്ടംകൂടി നിൽക്കുന്നത്. ന്റെ മോള് മരിച്ചു പോയിട്ടൊന്നുമില്ല. വരാൻ ഇത്തിരി നേരം വൈകണു എന്നെ ഉള്ളു. ആരാ ഈ മനുഷ്യന്മാരോടൊക്കെ പറഞ്ഞെ. എവിടേലും എന്തെലും ഉണ്ടാകാൻ കാത്തിരിക്കാ. നശിച്ച ജാതീയോള് ".
" അവള് ഇനി ഇങ്ങോട്ട് കയറി വരുമ്പോ ഈ ബഹളവും കൂട്ടവും ഒക്കെ കണ്ടാൽ ഇവിടെ വല്ല മരണവും നടന്നൂന്നു കരുതി പേടിക്കൂലോ ഭഗവതി."
- സേതു ആൾക്കൂട്ടത്തിനു നേരെ അലറി അയാളെ ഭയന്നു ആൾകൂട്ടം പിന്നാക്കം നീങ്ങി.
വീട്ടുമുറ്റത്തു ഒരു അംബാസിഡർ വന്നു നിന്നു. കൽക്കട്ടയിലുള്ള ബാലു ഇളയച്ഛനും ഇളയമ്മയും അവരുടെ മകൻ ഉണ്ണിയും ആയിരുന്നു അത് .
"എന്താ ഇപ്പൊ ഇത്, വിളിച്ചു പറയാതെ വരാത്ത ആളോള് ആണല്ലോ. എന്താ പെട്ടെന്ന്. ഉണ്ണിയ്ക്കിപ്പോ പരീക്ഷ നടക്കണ സമയല്ലേ. എന്നിട്ടെന്താ ?. ഇവിടെ ഞാനറിയാതെ വല്ല കൂട്ടവും നടക്കണുണ്ടോ ?".
- സേതു ആശ്ചര്യത്തോടെ ചോദിച്ചു.
ഇളയച്ഛൻ സേതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കലങ്ങിയ കണ്ണുകളുമായി ഇളയമ്മ അകത്തേയ്ക്ക് നടന്നുകയറി. ഉണ്ണിയെ നോക്കി സേതു പറഞ്ഞു -
" നീയും അമ്മാളും ഒരേ പ്രായം ആണെങ്കിലും അവൾ ആണുട്ടോ ഇപ്പൊ ഉണ്ണിയേക്കാൾ പൊക്കം. അവൾക്ക് സുമിത്രേടെ ആ പൊക്കം ആണ് കിട്ടിയിരിക്കണത്".
നിറുത്താതെ സേതു സംസാരിച്ചുകൊണ്ടേയിരുന്നു. കേൾവിക്കാർ ആരെങ്കിലുമുണ്ടോ എന്ന് അയാൾ ഓർത്തില്ല. തലങ്ങനെയും വിലങ്ങനെയും ഉള്ള നടത്തത്തിന് വേഗത കൂടിയതയാൾ അറിഞ്ഞില്ല.
"അവൾക്ക് പുഴയിൽ പോകണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞാൻ കൊണ്ടുപോവില്ലായിരുന്നോ മാഷേ. തിരണ്ടുകുളി കഴിഞ്ഞ് അത്ര നാളൊന്നും ആയില്ല. ഈ നേരത്തു പെൺകുട്ടികൾ ഇങ്ങനെ പുറത്തിറങ്ങി നടക്കോ ? . തനി അമ്മേടെ ഗുണാ കിട്ടിയിരിക്കണേ. വാശി. സുമിത്ര എന്നെ കൊറേ വേഷമിപ്പിച്ചിണ്ട്. ദേ കണ്ടോ ഇപ്പൊ മകളും. ഇവർക്കൊക്കെ എന്താ ഈ കിട്ടണേ ഇതീന്ന്".
- തിരിച്ചു പറയാനുള്ള വാക്കുകൾക്ക് വേണ്ടി വേണുമാഷ് വെപ്രാളം കൊണ്ടു.
സീത വല്യമ്മ ഭാരമുറ്റിയ കണ്ണുകളുമായി മുറ്റത്തേക്കിറങ്ങി വന്നു. "സേതു മതി ! ഞങ്ങളെ കൂടി ഭ്രാന്ത് പിടിപ്പിക്കല്ലേ നീ. മതിയായിരിക്കണു. നീയൊന്ന് അകത്തു വന്നിരിക്കു".
"വല്യമ്മ അധികം എന്നോട് മിണ്ടാൻ നിക്കാണ്ടെ പൊയ്ക്കോളു. അമ്മാളൂനെ നിങ്ങളെ ഏൽപ്പിച്ചിട്ടാ ഞാൻ ആ പീടിക വരയ്ക്ക് പോയത്. എന്നിട്ട് ഇപ്പോൾ എന്തായി? ആ മൂശേട്ട പെണ്ണുങ്ങളുടെ കൂടെ കുട്ടിയെ വിട്ടിരിക്കുന്നു. ഈ മഴ മുഴുവനും കൊണ്ട്ണ്ടാവില്ലേ ൻറെ കുട്ടി ?. പറ്റില്യാച്ചാ പറഞ്ഞൂടെ".
മുന്നിൽ കണ്ടവരെയൊക്കെ ശകാരിച്ചുകൊണ്ടു സേതു നടപ്പു തുടർന്നു. ആളുകൾ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. വേണുമാഷ് യാത്ര പറയാതെ പടിയിറങ്ങിപ്പോയി. കൊഴിഞ്ഞ നന്ദ്യാർവട്ടങ്ങൾ നിലത്ത് പടർന്നു കിടന്നു. തിരികെ കൂട് പറ്റാൻ പക്ഷിക്കൂട്ടങ്ങൾ വെമ്പികൊണ്ട് ആകാശത്തു കോലാഹലം തീർത്തു. ആകാശം ചുവപ്പണിഞ്ഞു.
അലോപ്പതി കടയിൽ നിന്ന് മേടിച്ച മരുന്ന് പൊടിച്ച് സീതവല്യമ്മ സേതുവിൻറെ കഞ്ഞിയിൽ ചേർത്തിളക്കി.
"ഇതിപ്പോൾ എത്ര ദിവസായിന്നു വച്ചിട്ടാ ഇങ്ങനെ ഇതും കലക്കി കൊടുക്കാ? " - അവിടെയിരുന്ന ഏതോ ഒരു വൃദ്ധ അവരോട് ചോദിച്ചു.
" അവൾ ഇങ്ങട്ട് വരട്ടെ. ഈ ഈർക്കിലി കമ്പു കൊണ്ട് ഒന്ന് കൊടുക്കണുണ്ട് അവൾക്ക് വേദനിക്കാതെ" - ശബ്ദം നേർത്ത് നേർത്ത് ശ്യൂന്യതയിലെത്തും വരെ സേതു ഉരുവിട്ടുകൊണ്ടിരുന്നു.
പുറത്ത് കാലവർഷം കനിവില്ലാതെ പെയ്തു തിമിർത്തു. പറമ്പിൽ സുമിത്രയ്ക് കത്തിച്ചു വയ്ച്ചിരുന്ന തിരിക്ക് തൊട്ടടുത്ത് ദിവസങ്ങൾക്ക് മുന്നേ കത്തിത്തീർന്ന ചിതയ്ക്ക് കൂട്ടായി മറ്റൊരു തിരിക്കൂടെ അന്നും തെളിഞ്ഞു. മഴ തല്ലിക്കൊഴിച്ച, ഇതളുകൾ പാതിയും വേർപെട്ട, അമ്മാളുവിനേറ്റവും പ്രിയപ്പെട്ട മഞ്ഞ നന്ദ്യാർവട്ടങ്ങൾ അവൾക്കു ചുറ്റും കരഞ്ഞുകൊണ്ട് നൃത്തം വച്ചു.