Monday, 30 March 2020

  


"ഉന്മാദിനിയായ സ്ത്രീകള്‍ എന്നും പ്രണയിക്കപ്പെടണം. അവര്‍ക്ക് പ്രണയം നിഷേധിക്കപ്പെട്ടുകൂടാ. "

അകാരണമായ കുറ്റപ്പെടുത്തലുകളെയും ശകാരങ്ങളെയും അതിജീവിക്കുവാൻ അതിൽ പ്രകടമാക്കപ്പെടാത്തൊരു സ്നേഹവും കരുതലും ഇണ്ടെന്നു വിശ്വസിച്ചിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്കിഷ്ടമില്ലാഞ്ഞിട്ടും അവനു ഇഷ്ടമായതുകൊണ്ടുമാത്രം നീലനിറക്കുപ്പായങ്ങൾ വാങ്ങികൂട്ടിയിരുന്നവൾ. അവനു വേണ്ടി മാത്രമേ എഴുതാവൂ എന്ന് വാശിപ്പിടിരുന്നവൾ. അങ്ങനെ മാത്രം എഴുതിശീലിച്ചിരുന്നവള്‍. 

വസന്തം - മഞ്ഞ സൂര്യകാന്തികള്‍ 

ഉപാധികൾ ഇല്ലാതെ  അവളെ  സ്നേഹിക്കുവാൻ പഠിപ്പിച്ചത് അയാളായിരിക്കണം. ഓരോ ക്രീടാവേളകള്‍ക്കു ശേഷവും "എന്‍റെ പ്രിയപ്പെട്ട പെണ്കുട്ടി”  എന്ന് വിളിച്ചു അവളെ മടിയില്‍കിടത്തി ലാളിച്ചു,  കാലുകളില്‍ മുഘമമര്‍ത്തി കിടന്നു,  അവളുടെ കറുത്ത തൊലി ആര്‍ത്തിയോടെ അമത്തി ചുംബിച്ചു. ചുരുളുപിടിച്ചു കിടന്ന മുടിയിലേയ്ക്ക് മൂക്കുകള്‍ മുട്ടിച്ചു അവളുടെ മണത്തെ കുടിച്ചു. അവള്‍ കാണാതിരുന്ന പിന്‍കഴുത്തിലെ മറുകില്‍ ചിത്രങ്ങള്‍ തുന്നി. ഓരോ സന്ദർശനങ്ങളിലും അയാളുടെ മണം ആ ഒറ്റമുറിയില് ശ്രദ്ധയോടെ ശേഖരിച്ചുവച്ചു. ജനാലക്കമ്പിയില്‍ പടര്‍ന്നുകയറിയ ബോഗൈന്‍വില്ലകള്‍ എന്നും മഞ്ഞ സൂര്യകാന്തിപൂവുകള്‍ വിടര്‍ത്തി. ജനല്‍വാതിലുകള്‍ അടഞ്ഞു കിടന്നു. 


ശിശിരം - കൊഴിഞ്ഞുപോക്ക് 

 ഇടവേളകളിൽ അവളോട് സംസാരിക്കുവാനും ഒഴിവു ദിവസങ്ങളിൽ അവളെ സന്ദർശിക്കാനും അയാൾ പിന്നീട് സമയം കണ്ടെത്തിയതില്ല. അയാള്‍ ഇപ്പോഴും തന്നെ സ്നേഹിക്കുന്നുവെന്ന് അവള്‍ വിശ്വസിച്ചുപോന്നു. അയാള്‍ക്കേറ്റവും പ്രിയപ്പെട്ട സ്ത്രീ താനാണെന്ന് അവള്‍ കരുതി.

ബന്ധങ്ങളുടെ രൂപമാറ്റങ്ങള്‍ അവർക്കിടയിലെ ദൂരങ്ങളുടെ നീളം വർധിപ്പിച്ചുകൊണ്ടിരുന്നു. അയാളില്‍ അവളുടെ അവശേഷിപ്പുകള്‍ നിറംക്കെട്ടവയായി. അവളുടെ കറുത്ത തൊലി തൊടാന്‍ മടിച്ചു. കലാപം ശ്രഷ്ട്ടിച്ചിരുന്ന അവളുടെ ദേഹം ശോഷിച്ചുത്തുടങ്ങി.  അവരുടെ ആലിംഗനങ്ങളെയും ലഹരി പൂത്ത നോട്ടങ്ങളെയും കുറിച്ചെഴുതിയ പെണ്കുട്ടിയുടെ കവിതകളില്‍ പിന്നീട് വിലാപങ്ങളായി.   അവനെ കുറിച്ച് മാത്രം എഴുതാന്‍ ശീലിച്ചവള്‍ പതുക്കെ പതുക്കെ കവിതകള്‍ എഴുതാറില്ലതായി. 


വേനല്‍- വരള്‍ച്ച 

അയാളുടെ പിന്മാറ്റത്തിനുശേഷം അവളിലേക്ക് ആകര്‍ഷിക്കപെട്ട (അവൾ ആകർഷിക്കപ്പെട്ട) പുരുഷന്മാർക്കിടയിൽ അയാളെ അന്വേഷിച്ചുകൊണ്ടിരുന്നു. പ്രണയത്തിൻറെ ആദ്യഘട്ടത്തിൽ അവരാൽ പ്രണയബാധിതയാണെന്നു അവള്‍ സ്വയം വിശ്വസിച്ചു. കൃത്യമായ ഇടവേളകയിൽ അവളെ സന്ദർശിക്കാനും സന്തോഷിപ്പിക്കാനും അവർ ശ്രമിച്ചു. അവളുടെ ഒഴിവുദിവസങ്ങള്‍ക്കുവേ ണ്ടി   മത്സരിച്ചു. 

വേനല്‍മഴകളുടെ ആയുസ്സ് കണക്കുകൂട്ടുവാന്‍ അറിഞ്ഞിരുന്നിട്ടും അവള്‍ നനയാന്‍ തിടുക്കം കൂട്ടി. ദിവസങ്ങളുടെ ആദ്രത മാത്രം നല്കി വീണ്ടും വേനല്‍  തിരിച്ചു വന്നു. അവരെ  മടുത്തുകഴിഞ്ഞ പെൺകുട്ടി വീണ്ടും തന്‍റെ  ഭൂതകാലങ്ങളിലെയ്ക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയിരുന്നു. വീണ്ടും നീലനിറക്കുപ്പായങ്ങള്‍ അവളുടെ അലമാരകള്‍ നിറയ്ച്ചുതുടങ്ങി.   

"അയാൾക്ക് എന്‍റെ കാലുകള്‍ പ്രിയപ്പെട്ടതായിരുന്നു നിങ്ങളതില്‍ ചുംബിയ്ക്കരുത്,  എന്നെ ലാളിക്കാന്‍ വരരുത്, മതി മാറികിടക്കു, എന്തസ്സഹനീയമാണ് നിങ്ങളുടെ മണം, വിഴുപ്പുകെട്ടില്‍ ശ്വാസംമുട്ടി മരിച്ച മീനുകളുടെത് പോലെ" എന്നുള്ള നിരവധി ആജ്ഞകള്‍ അവർക്കുമുന്നിൽ ദാക്ഷിണ്യം ഇല്ലാതെ നിരത്തികൊണ്ടേയിരുന്നു. ദയാലുവായിരുന്നവള്‍ ലാഘവത്തോടെ പഴയ പ്രണയത്തെ അവര്‍ക്കുമുന്നില്‍ വര്‍ണിച്ചുകൊണ്ടിരുന്നു. അയാളുടെ കോലൻ മുടിയേയും  ചെറിയ കണ്ണുകളെയും പറ്റി പറഞ്ഞും പ്രേമകീടകളെപ്പറ്റി വിവരിച്ചും  അവരെ അസ്വസ്തരാക്കി. അവരുടെ മണം പിന്നീടവള്‍ക്ക് അസ്സഹനീയമായി തോന്നി. പിന്നീട് അവളെ ലാളിക്കുവാനൊ കാലുകളില്‍ സ്പര്‍ശിക്കുവാനോ അവരെ അനുവദിച്ചില്ല. അവളുടെ പിന്‍കഴുത്തിലെ  മറുക് അവര്‍ക്കെല്ലാം എന്നും നിഗൂഡമായി കിടന്നു. 

ശൈത്യം- മരവിപ്പ് / ഒടുക്കം 

കാലങ്ങളുടെ  ഒളിച്ചോട്ടങ്ങള്‍ അവഗണിക്കാന്‍  അനക്കാതെ വച്ചിരുന്ന കലണ്ടറേടുകളില്‍ ചിതലുകള്‍ പുതിയ ഭൂപടം വരച്ചു. അയാളുടെ മണമുറങ്ങുന്ന ഒറ്റമുറിയില്‍ ഉന്മാദിനിയുടെ  അട്ടഹാസങ്ങള്‍ മുഴങ്ങി. വരാന്തകള്‍ പുകച്ചുരുളുകളാല്‍ മഞ്ഞിച്ചു കിടന്നു.  ജനാലയ്ക്കരികിലെ ബോഗന്‍വില്ലകള്‍ പിന്നീട് ശവംനാറി പൂവുകള്‍ വിടര്‍ത്തി. പഴയ മെത്തവിരികള്‍, അയാളുടെ വെല്‍വറ്റ് ഷാളുകള്‍, പകുതി വലിച്ച സിഗരട്ടുകുറ്റികള്‍,  എടുത്തുമാറ്റാതെ ചീര്‍പ്പില്‍ അവശേഷിച്ച അയാളുടെ കോലന്‍ മുടികള്‍ - അയാള്‍ , അയാള്‍, ചുറ്റും അയാള്‍. അവളുടെ നിശ്വാസങ്ങളില്‍ അയാളുടെ മണം കലര്‍ന്നുചേര്‍ന്നു. നീലനിറക്കുപ്പയങ്ങള്‍ ഉടുത്തുകൊണ്ട്  നിറുത്താതെ അയാള്‍ക്കുവേണ്ടി കവിതകൾ എഴുതി. വിലാപം മണത്ത കവിതകള്‍.


വെളിച്ചം    അന്വേഷിച്ചു    പറന്ന    ഈയാംപാറ്റകള്‍    ഒടുവില്‍     ഇരുട്ടത്ത്‌ വെന്തുമരിച്ചു .

ഒറ്റമുറി അപ്പോഴും അടഞ്ഞുതന്നെ കിടന്നു.




മരണത്തിന്‍റെ മണം അഥവാ നിലവിളികൾ   


തെറ്റാണെന്ന് ശതമാനകണക്ക്  നോക്കാതെ തന്നെ എത്രയോ ഉറപ്പുണ്ടായിട്ടും അതില്‍നിന്ന് മാറി ചിന്തിക്കാനുള്ള ധൈര്യം പോലും ഉള്ളിലെ ഭീരു കാണിച്ചില്ല. ഔധാര്യങ്ങള്‍ അനുവദിച്ചുകൊടുക്കരുതെന്ന്‍ മുന്നേ അകമേ ശാസിച്ചിരുന്നു.

പാപം !
ഇനി പാപമോചനമില്ല. അർഹമായതേ കൊതിയ്ക്കാവു.

പൂര്‍ണതയിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും എന്‍റെതാണ്, ഞാന്‍ തന്നെയാണ്.  ജീവിക്കാനുള്ള നീതി നിഷേധിക്കാന്‍ സ്രഷ്ടാവ് എന്നുള്ള അവകാശത്തെ ദയയില്ലാതെ ഉപയോഗിക്കുന്നു. അപക്വതയുടെ പേരുപറഞ്ഞ്  സ്വയം ന്യായീകരിക്കാന്‍ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്നു. കണ്ണുകളില്‍ നിറയുന്നത് നിസ്സഹായതയാണെന്നു കരുതി സമാധാനിക്കാന്‍ നോക്കി. പകരം പാപത്തിന്‍റെ ചുവന്ന കറ നിറഞ്ഞൊഴുകി. 

ജോലി നൽകുന്ന സുരക്ഷിതത്വം,  അപരിചിത മുഖങ്ങൾ  മാത്രം ഉള്ള മറ്റൊരിടം, തിരിച്ചറിയപ്പെടുന്നതില്‍ നിന്നെല്ലമൊരു ഒളിച്ചോട്ടം. പോംവഴികള്‍ നിരത്തി എത്രയോ വട്ടം സ്വയം പിന്തിരിപ്പിക്കാന്‍  ശ്രമിച്ചു. അപ്പോഴൊക്കെ ഉള്ളിലെ ഭീരു കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു. കൊല്ലാന്‍ നില്‍ക്കുന്നവള്‍ക്ക് മരണഭയമോ ? ചുറ്റുപാടുകളെയാണോ ഭയക്കുന്നത് ? ചൂഴ്ന്നുനോട്ടങ്ങളെ എന്നാണ് പേടിച്ചു തുടങ്ങിയത് ?

ആശുപത്രിച്ചുവരുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവിടെ ഗൈനക്കോളജി  വാര്‍ഡില്‍ കാത്തുകെട്ടി കിടക്കുന്ന സ്ത്രീകളുടെ ദുര്‍ബല ഞരക്കങ്ങളെന്നെ ലജ്ജിപ്പിച്ചു. മുഴച്ചു നിന്ന വയറുകള്‍, ഉറക്കം പരതുന്ന അവരുടെ ക്ഷീണിച്ച കണ്ണുകള്‍. മറ്റുചിലര്‍ ചേര്‍ത്തുപിടിച്ച നനുത്ത തുണികഷ്ണങ്ങള്‍ക്കുള്ളിലെ ചൂടില്‍ നിന്ന് എത്തി നോക്കുന്ന പാതിമാത്രം തുറന്ന കുഞ്ഞുകണ്ണുകള്‍. അവ പോലും എന്നെ ഭയപ്പെടുത്തി. മുഖം പൂഴ്ത്തി നടന്നു. വീണ്ടും ശ്വാസം മുട്ടുന്നു. ആ കെട്ടിടം ദൂരെയാകും വരെ ഓടി.

നഗരത്തിന്‍റെ  തിരക്കില്‍നിന്ന് രക്ഷപ്പെട്ട്  മുറിക്കുള്ളിലെ ശാന്തതയിലെയ്ക്ക് എത്തിപ്പെട്ടിട്ടും നിലയ്ക്കാത്ത അട്ടഹസങ്ങളുടെ ആവര്‍ത്തനം. പിന്നീടത് നിലവിളികളായും ഏങ്ങികരച്ചിലുകളായും മാറ്റൊലിച്ചു. കാതുകളെത്രകൂട്ടിയടച്ചിട്ടും പ്രകമ്പനങ്ങള്‍ നിലയ്ക്കുന്നില്ല.


മണിക്കൂറുകള്‍ നിരങ്ങി ഞെരുങ്ങി നീങ്ങി. ഉള്ളില്‍ രാസപക്രിയകള്‍ തുടങ്ങി. ഇരുളറകള്‍ ശൂന്യമായികൊണ്ടിരിക്കുന്നു. തേങ്ങല്‍  ഭിത്തികളില്‍ തട്ടി പ്രധിധ്വനിച്ചു. അവസാനിക്കുകയാണ്. പതിയെ പതിയെ  നിലവിളികളുടെ തീവ്രത കുറഞ്ഞു വരുന്നുണ്ടോ?   


മരണത്തിന്‍റെ  മണം ചന്ദനത്തിരികളുടെയും  നാറുന്ന ഡെറ്റോളിന്റെയും അല്ലെന്നു തിരിച്ചറിഞ്ഞു. മരണത്തിന്‍റെ മണം നിലവിളികളുടെതാണ്. അട്ടഹാസങ്ങളില്‍  തുടങ്ങി തേങ്ങലുകളുടെ ഏറ്റക്കുറചിലുകളില്‍ അവസാനിക്കുന്ന നിലവിളികളുടെ !


ഉപ്പൂറ്റി നനച്ചു തുടകളിലൂടെ ഊര്‍ന്ന രക്തം നിലത്തു മരണമെന്നെഴുതി. അതിനു എന്‍റെ  വിയര്‍പ്പിന്‍റെ നാറിയ ഗന്ധം ഉണ്ടായിരുന്നു.  കിടക്കയില്‍ പിറ്റേന്ന് കണ്ട ചെറിയ മാംസപിണ്ഡങ്ങളിൽ  തിരഞ്ഞുറപ്പുവരുത്തി. ഇല്ല വിരലുകള്‍ മുളയ്ചിരുന്നില്ല !