Tuesday, 8 September 2020



മറുത്തൊന്നും പറഞ്ഞേക്കരുത്.
ഇത്രനാളും പറഞ്ഞുപറ്റിക്കുന്നപോലെ അല്ല. 
നമ്മൾ പോകുവാണ്. 
  

നിന്നോട് പറയാതെ  നിനക്ക് ഹറാമായ ഒന്ന്  
ഞാന്‍ കുപ്പായത്തിനകത്ത് 
ഒളിച്ചുവച്ചിട്ടുണ്ട്. 
തണുപ്പുള്ളിടത്ത് രാത്രികള്‍
ആഘോഷിക്കപ്പെടുമ്പോള്‍ 
ഇത്തിരി ലഹരികൂടെ ഉള്ളത് ഒരു പ്രതേക രസാ. 
കണ്ണുകളില്‍ ലഹരി പൂക്കുന്നത് നീ കണ്ടിട്ടില്ലല്ലോ ? 
ഞാനത് കാണിച്ചു തരുന്നുണ്ട് .
പ്രേമം പൂക്കുന്നത് പിന്നെ,
നീ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതല്ലെ !
 

വിന്‍ഡോ സീറ്റ് ചോദിക്കാതെ തന്നെ 
എനിക്കുവേണ്ടി മാറ്റിവക്കുമെന്നറിയാം . 
ബസ്  മലകയറാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പിന്നെ 
മിണ്ടിയെന്നു വരില്ല. 
ബാ, നമുക്കൊരുമിച്ചു പുറത്തേക്കു 
നോക്കി ഇരിക്കാം. 


മിണ്ടിയില്ലെങ്കിലും കൈയ്യിലെ പിടി ഞാന്‍ വിടില്ല. 
ചൂഴ്ന്നു നോട്ടങ്ങളെ പേടിച്ചു 
ഞാന്‍ അറിയാതെ 
നീ എന്‍റെ കൈകള്‍ വേര്‍പ്പെടുത്താന്‍ ശ്രമിക്കണ്ട. 
അന്നത്തെപോലെ 
ഈ യാത്രയില്‍ ഞാന്‍ അത് അനുവദിച്ചുതരില്ല. 


കൂടെ എൻറെ പ്രിയപ്പെട്ട കഥാകാരിയുടെ 
പുസ്തകവും കരുതിവക്കണുണ്ട്  .
രാത്രി നീ കിടന്നുറങ്ങുമ്പോള്‍ മാത്രേ
പുറത്തെടുത്ത് വായിക്കൂ.  
പിന്നെ നമ്മളെ എഴുതാന്‍ വേണ്ടി മാത്രമൊരു
ചെറിയ കടലാസുകഷ്ണം അതിലെ 
അവസാന പേജിൽ തുന്നി ചേര്‍ത്തിട്ടുണ്ട്. 
അത് നിറയുന്നത് വരെ ആ രാത്രിയില്‍ 
എഴുതി മടുക്കണം. 


ബാൽക്കണി ഉള്ള മുറി എത്ര നടന്നിട്ടാണെങ്കിലും
നീ കണ്ടുപിടിക്കില്ലേ ? 
വെറുതെ ഞാൻ അവിടെ 
കാഴ്ച്ചകൾ കാണുന്നെന്ന വ്യാജേന 
പുറം തിരിഞ്ഞു നിൽക്കുമ്പോൾ 
നീ വന്നു കെട്ടിപ്പിടിക്കുമെന്ന് 
പിന്നെയും വെറുതെ വെറുതെ 
ആഗ്രഹിച്ചോട്ടെ ?


രോമാവൃതമായിരുന്ന കാലുകൾ ഇന്നലെ രാത്രി 
ഞാൻ മിനുസപ്പെടുത്തിയിരുന്നു.
ചെമ്പരത്തിമണമുള്ള സെൻറ് കുപ്പി 
നാളെ രാത്രിക്കു വേണ്ടി പ്രതേകം കരുതിയിട്ടുണ്ട്.


നാളെ ചുവരുകള്‍ക്കുള്ളില്‍ നമ്മൾ തനിച്ചാകുമ്പോൾ, 
നിന്‍റെ നെഞ്ചിടിപ്പ് ‌ 
ഇങ്ങനെ തൊടാതെ നില്‍ക്കുമ്പോള്‍ പോലും 
എനിക്ക് കേള്‍ക്കാനാകും. 
ഉമ്മ വയ്ക്കാനെന്റെ ചുണ്ടുകള്‍ 
നിന്റേതു പരതുമ്പോള്‍ അന്നതെത് പോലെ
നീ പിന്നെയും അതിനെ അവഗണിക്കുമോ ?


പി എസ് : എന്നെയും കൂട്ടി ഞാൻ മടുക്കുന്നു എന്ന് പറയുമ്പോൾ മാത്രം തിരിച്ചു വരുന്ന ഒരു യാത്ര പോകാം എന്ന് എന്നെ ഇടയ്ക്കിടെ പറഞ്ഞു പറ്റിക്കുന്ന താടിക്കാരന് സമർപ്പിക്കുന്നു.

Monday, 31 August 2020

ഗേള്‍ ഓണ്‍ തി ട്രെയിന്‍ അഥവാ ട്രെയിനിലെ പെണ്‍കുട്ടി


ട്രെയിനിന്‍റെ ചലനങ്ങള്‍ക്കൊപ്പം 

ആടുന്ന നിന്റെ ശരീരം. 

അതു നോക്കിരസിക്കുന്ന മധ്യവയസ്ക്കർ.

നീ പരത്തുന്ന സൗന്ദര്യത്തിൽ 

അസൂയപൂണ്ടിരിക്കുന്ന മറ്റു പെണ്‍കുട്ടികള്‍. 

ഇളം കറുത്ത നിറമുള്ള നിന്‍റെ തൊലിയുടെ

ആകര്‍ഷണത്തിൽ കുരുങ്ങിപ്പോയ യുവാക്കൾ.

ശരീരത്തെ വരിഞ്ഞ നിന്റെ ഇറുകിയ വസ്ത്രങ്ങള്‍ നോക്കി 

പിറുപിറുക്കുന്ന മാന്യവനിതകള്‍. 

നീ അറിയുന്നുണ്ടോ ഈ തീവണ്ടിയിലെ 

മുഴുവന്‍ കണ്ണുകളും 

ഇപ്പോള്‍ നിന്നിലാണ്. 

അവരിലൊരാളായി ഞാനും.. 


.


ഹേ പെണ്‍കുട്ടി ,

എവിടെയോ നീ നെയ്‌തിരിക്കുന്ന

ഒരു വലയ്ക്കുള്ളില്‍ ഞാൻ ബന്ധിതനാണ്.

അത്‌,

ലഹരി പൂത്തുലയുന്ന നിന്‍റെ കണ്ണുകളോ, 

മണല്‍ഘടികാര  വളവുകളോ, 

ചുറ്റിലും നീ പടർത്തുന്ന  നിന്റെ കുലീനതയോ ഇതിലെന്തുമാകാം. 


.


ആത്മാവ് നഷ്ടപെട്ടവനെ  പോലെ 

ഞാനിവിടെ,

 നീ  തീര്‍ക്കുന്ന ഏതോ ഒരു

മരിചികയില്‍ എന്നപോലെ,

 നിലമറക്കുന്നു. 

എന്നെ മുട്ടിയുരുമ്മി പോകുന്നവരെ

ഞാൻ അറിയുന്നില്ല.

വിഴുപ്പുകെട്ടുകളുടെ മണം

മനംപെരട്ടുന്നുണ്ടോ ?

നമ്മൾ കയറിയിറങ്ങി പോകുന്ന 

സ്റ്റേഷനിലേതോ ഒന്നിലായിരുന്നോ 

ഞാൻ ഇറങ്ങേണ്ടിയിരുന്നത് ?

അറിയുന്നില്ല !

മിഥ്യയും നിജവും പാമ്പും ഏണിയും കളിക്കുന്നു.

ട്രപ്പീസ്സുക്കാരന്‍ എറിയുന്ന ഓരോ വളയങ്ങളും 

എന്നെ തൊടാതെ പോകുന്നു. 


.


പക്ഷെ നീയോ,

ഭൂതകാല  ഓര്‍മകളില്‍ പെട്ട്, 

ശരീരം നഷ്ടപെട്ടവളെപോലെ, 

വിധൂരതകൾ  നിന്‍റെ കണ്ണുകളെ 

ചൂഴുന്നെടുത്തത് പോലെ , 

നോട്ടങ്ങളെ ദൂരേയ്ക്ക് പറത്തി വിടുന്നു.

മറ്റാരുടെയോ  വരവിനായി  കാത്തിരിക്കുന്നു.

Thursday, 13 August 2020




 അമ്മിണി,


നിന്റെ പക്കൽ എന്റെ മേൽവിലാസവും ഉണ്ടായിരുന്നുവെങ്കിൽ എന്ന് എത്രയോ വട്ടം ഞാൻ ആഗഹിച്ചിരുന്നു. എന്റെ മറുപടിയിൽ ഓരോ വരിയിലും അമ്മിണി അമ്മിണി എന്ന് വിളിച്ചിരുന്നേനെ. നിന്റെ കണ്ണുകൾ എത്ര സുന്ദരമാണെന്നു ഞാൻ നിന്നെ ബോധ്യപ്പെടുത്തുമായിരുന്നു.. നിന്നോളം ഒരു സുന്ദരിയില്ലെന്നു ഞാൻ കറുപ്പിച്ചെഴുതും. അമ്മിണി ഒരു ജീനിയസ് ആണെന്ന് ഞാൻ വീണ്ടും വീണ്ടും പറയും.

.

.

കുട്ടികളുടെ കൗതുകത്തോടെ മോഹൻ പറയാൻ വന്ന രഹസ്യത്തെ കേൾക്കാൻ നീ തിരിഞ്ഞപ്പോൾ അയാൾ എന്തിനായിരുന്നു വേദനിക്കും വിധം ബലമായി നിന്റെ കവിളുകളിൽ ചുണ്ടുകൾ അമർത്തിയത്. അതിൽ നിന്ന് ഓടിമാറാൻ ശ്രമിച്ചപ്പോഴൊക്കെ അയാൾ എന്തിനാണ് നിന്നെ കൈകൾക്കുള്ളിലാക്കി വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് വീർപ്പുമുട്ടിച്ചത്.

.

.

"അമ്മിണി, കുട്ടിയെ ഞാൻ സ്നേഹിക്കുന്നു. ഇനിയുള്ള ദിവസങ്ങൾ അമ്മിണിയുടെ കിറുക്കുകൾ കേട്ട് പൊട്ടിച്ചിരിക്കണമെന്നും. അതുകേട്ടു ഇനി ഞാൻ ആരോടും ഒന്നും പറയില്ല എന്ന് നീ തീരുമാനങ്ങൾ എടുക്കുമ്പോൾ . എവിടെ അമ്മിണിയുടെ ഇന്നത്തെ കിറുക്കുകൾ എന്ന് ചോദിച്ചു നിന്റെ പുറകെ നടക്കണമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുട്ടിയുടെ അച്ഛന് ഞാൻ ഒരു കത്ത് എഴുതുന്നുണ്ട്.ഈ കിറുക്കത്തി കുട്ടിയെ , എന്നും വട്ടുപറയുന്ന കുട്ടിയെ എനിക്ക് വേണമെന്ന് പറഞ്. ഒരുറപ്പിന്".

.

.

അയാൾ ഒരുപക്ഷെ നിന്നോട് ആ ഉമ്മകൾക്ക് പകരം ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. എനിക്കുറപ്പുണ്ട് നീയും ഇങ്ങനെയേ ആഗ്രഹിച്ചിരിക്കാൻ വഴിയുള്ളു. അങ്ങനെയെങ്കിൽ അന്ന് നീ ഉതിർത്ത കണ്ണുനീരിനു പകരം നിന്റെ കിറുക്കുകൾ ആ കാടുകളിൽ മുഴങ്ങിയേനെ.

.

.

ആ ദിവസങ്ങളിൽ നഷ്ടങ്ങളുടെ വേദന നിന്നോളം അറിഞ്ഞ ആരുണ്ട് കുട്ടി. തന്റേതെന്ന് സ്ഥാപിക്കാൻ ആരുമില്ലാതാകുന്ന അവസ്ഥ. സ്വന്തം വീട്ടിൽ ആധികപ്പറ്റ് പോലെ കഴിഞ്ഞുപോകേണ്ടിവരുന്ന നാളുകൾ . സ്നേഹിക്കപ്പെട്ട ദിവസങ്ങൾ നിനക്ക് ഓർത്തെടുക്കുവാൻ പോലും കഴിയുന്നുണ്ടോ ?

.

.

പൊട്ടിച്ചിരിക്കുമ്പോൾ പോലും കണ്ണിന്റെ കോണുകളിലെവിടെയോ ഒരിത്തിരി ബാഷ്പം നീ സൂക്ഷിച്ചിരുന്നില്ലേ ? കണ്ടിട്ടും എന്തുകൊണ്ടാണവർ അതൊക്കെ കണ്ടില്ലെന്നു നടിച്ചത്. ഭാരിച്ച ഹൃദയത്തോടെയല്ലാതെ നിന്നെ ഓർക്കുവാൻ പോലുമാകുന്നില്ലല്ലോ കുട്ടി.

.

.

പതിനാറു വയസും പതിനൊന്നു മാസവും തികഞ്ഞ അമ്മിണി നിൻറെ ദുഃഖങ്ങൾ എന്റേതുമാകുന്നു. നിന്റെ നഷ്ടങ്ങൾ എന്നെയും മുറിപ്പെടുത്തുന്നു.

അമ്മിണി, നീ നന്മയാകുന്നു നീ സ്നേഹമാകുന്നു.




ആരണ്യകം 💚

Wednesday, 29 July 2020



                    Silhouette of girl holding a parent's hand.



"എന്ത് മഴയാ പെയ്യണത്. നേരത്ത് ആണല്ലോ കുട്ടിക്ക് പുഴയിൽ പോയി കുളിക്കാൻ തോന്നിയത്".

"കണ്ണൊന്നു തെറ്റിയാൽ മതി ന്റെ കുട്ടീടെ കാര്യം നോക്കാൻ ആർക്കും സമയില്ല. വല്ലപ്പോഴും അല്ലെ പറയണുള്ളു. അപ്പൊ ഞാൻ കൂടെ ഇല്ലാതായാല്  ന്റെ മോൾടെ അവസ്ഥ എന്തായിണ്ടാകും". - പിറുപിറുത്തുകൊണ്ട് സേതു മുറ്റത്തു തലങ്ങും വിലങ്ങും നടന്നു കൊണ്ടിരുന്നു.

"സേതു, നീ ഒന്നു വന്നിരിക്കു ഇവിടെ. അമ്മാളു വന്നോണ്ട്. നോക്കു , ഞാൻ രണ്ടുപേരെ പുഴക്കരെയ്ക്ക് അയച്ചിണ്ട് അവര് അമ്മാളുനേം കൊണ്ടേ വരൂ. ".
-
വേണു മാഷിൻ്റെ ശബ്ദത്തിലെ ദൈന്യത സേതുവിന്മാനസിലായിക്കാണില്ല.

 

"മാഷ് ഇതെന്തറിഞ്ഞിട്ടാ പറയണത്. അമ്മാളു പോയിട്ട് എത്ര നേരായി എന്ന് വല്ല നിശ്ചയുണ്ടോ ?. അതും മൂശേട്ട പെണ്ണുങ്ങളുടെ കൂടെ. ഞാൻ കണ്ടതാണെങ്കിൽ വിടില്ലായിരുന്നു. അസത്തുക്കളാ, അങ്ങാടിടെ മുന്നിക്കൂടേയെ നടക്കൂ. എന്നാലല്ലേ കണ്ടവരോടൊക്കെ കൊഞ്ചിക്കൊഴയാൻ പറ്റു. അവറ്റോൾടെ കൂടെയാ അമ്മാളൂനെ വിട്ടിരിക്കണേ. എവിടെ, എന്റെ കുട്ടിയെ നോക്കാൻ ആർക്കാ ഇവിടെ സമയോം നേരോം ഒക്കെ. ഞങ്ങൾ ആരും ഇല്ലാത്തോരാണല്ലോ ".
-
സേതുവിൻറെ ശബ്ദത്തിൽ ദേഷ്യവും നിസ്സഹായതയും  പരസ്പരം മത്സരിച്ചു.

  

"ഞാൻ ഒന്ന് പോയി നോക്കിയാലോ മാഷേ പൊഴക്കര വരെ. ചിലപ്പം അവിടെ കളിച്ചിരിപ്പുണ്ടാകും". ഒന്ന് ആലോചിച്ചതിനു ശേഷം സേതു തുടർന്നു. " അല്ലെങ്കിൽ വേണ്ട അവൾ ഇങ്ങട്ട് വരട്ടെ. ഈർക്കിലി കൊണ്ട് ഒന്ന് കൊടുക്കണുണ്ട് അവൾക്ക് , വേദനിക്കാതെ". 
അയാൾ സമാധാനിച്ചു.   

 

"അതെ, അതന്നയാ സേതു ഞാനും പറേണെ. അമ്മാളു അവിടെ  കൂട്ടാര്ടെ കൂടെ കളിച്ചിരിക്കണുണ്ടാകും. കൊറച്ചൂടെ നേരം കഴിയട്ടെ അവളിങ്ങെത്തും. നീയൊന്നു മുറ്റത്തീന്നു കയറി കോലായിൽ ഇരിക്കൂ. മഴയും കൊണ്ട് എത്ര നേരായി നടപ്പു തുടങ്ങീട്ട്". 
-
വേണുമാഷ് നിറുത്താതെ അപേക്ഷിച്ചുകൊണ്ടിരുന്നു.

 

മുറ്റത്ത് കൂടിയും കുറഞ്ഞും വന്നുകൊണ്ടിരുന്ന ആൾക്കൂട്ടം അയാളിൽ ഭയത്തിന്റെയും ദേഷ്യത്തിന്റെയും വിത്തുകൾ പാകിക്കൊണ്ടിരുന്നു. മഴയ്ക്കും അയാളുടെ ഉള്ളു തണുപ്പിക്കാനായില്ല.

 

"നിങ്ങൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ കൂട്ടംകൂടി നിൽക്കുന്നത്. ന്റെ മോള്  മരിച്ചു പോയിട്ടൊന്നുമില്ല. വരാൻ ഇത്തിരി നേരം വൈകണു എന്നെ ഉള്ളു. ആരാ  മനുഷ്യന്മാരോടൊക്കെ പറഞ്ഞെ. എവിടേലും എന്തെലും ഉണ്ടാകാൻ കാത്തിരിക്കാ. നശിച്ച ജാതീയോള് ".

" അവള് ഇനി ഇങ്ങോട്ട് കയറി വരുമ്പോ ബഹളവും കൂട്ടവും ഒക്കെ കണ്ടാൽ ഇവിടെ വല്ല മരണവും നടന്നൂന്നു കരുതി പേടിക്കൂലോ ഭഗവതി." 
സേതു ആൾക്കൂട്ടത്തിനു നേരെ അലറി അയാളെ ഭയന്നു ആൾകൂട്ടം പിന്നാക്കം നീങ്ങി.

 

വീട്ടുമുറ്റത്തു ഒരു അംബാസിഡർ വന്നു നിന്നു. കൽക്കട്ടയിലുള്ള ബാലു ഇളയച്ഛനും ഇളയമ്മയും അവരുടെ മകൻ ഉണ്ണിയും ആയിരുന്നു അത് .

 

"എന്താ ഇപ്പൊ ഇത്, വിളിച്ചു പറയാതെ വരാത്ത ആളോള് ആണല്ലോ. എന്താ പെട്ടെന്ന്. ഉണ്ണിയ്ക്കിപ്പോ പരീക്ഷ നടക്കണ സമയല്ലേ. എന്നിട്ടെന്താ ?. ഇവിടെ ഞാനറിയാതെ വല്ല കൂട്ടവും നടക്കണുണ്ടോ ?".
-
സേതു ആശ്ചര്യത്തോടെ ചോദിച്ചു.

 

ഇളയച്ഛൻ സേതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കലങ്ങിയ കണ്ണുകളുമായി ഇളയമ്മ അകത്തേയ്ക്ക് നടന്നുകയറി. ഉണ്ണിയെ നോക്കി സേതു പറഞ്ഞു
"
നീയും അമ്മാളും ഒരേ പ്രായം ആണെങ്കിലും അവൾ ആണുട്ടോ ഇപ്പൊ ഉണ്ണിയേക്കാൾ പൊക്കം. അവൾക്ക് സുമിത്രേടെ പൊക്കം ആണ് കിട്ടിയിരിക്കണത്". 

 

നിറുത്താതെ സേതു സംസാരിച്ചുകൊണ്ടേയിരുന്നു. കേൾവിക്കാർ ആരെങ്കിലുമുണ്ടോ എന്ന് അയാൾ ഓർത്തില്ല. തലങ്ങനെയും വിലങ്ങനെയും ഉള്ള നടത്തത്തിന് വേഗത കൂടിയതയാൾ അറിഞ്ഞില്ല.

 

"അവൾക്ക് പുഴയിൽ പോകണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞാൻ കൊണ്ടുപോവില്ലായിരുന്നോ മാഷേ. തിരണ്ടുകുളി കഴിഞ്ഞ് അത്ര നാളൊന്നും  ആയില്ല. നേരത്തു പെൺകുട്ടികൾ ഇങ്ങനെ പുറത്തിറങ്ങി നടക്കോ ? . തനി അമ്മേടെ ഗുണാ കിട്ടിയിരിക്കണേ. വാശി. സുമിത്ര എന്നെ കൊറേ വേഷമിപ്പിച്ചിണ്ട്. ദേ കണ്ടോ ഇപ്പൊ മകളും. ഇവർക്കൊക്കെ എന്താ കിട്ടണേ ഇതീന്ന്".
 -
തിരിച്ചു പറയാനുള്ള വാക്കുകൾക്ക് വേണ്ടി  വേണുമാഷ് വെപ്രാളം കൊണ്ടു.

 

സീത വല്യമ്മ ഭാരമുറ്റിയ കണ്ണുകളുമായി മുറ്റത്തേക്കിറങ്ങി വന്നു. "സേതു മതിഞങ്ങളെ കൂടി ഭ്രാന്ത് പിടിപ്പിക്കല്ലേ നീ. മതിയായിരിക്കണു. നീയൊന്ന് അകത്തു വന്നിരിക്കു".

 

"വല്യമ്മ അധികം എന്നോട് മിണ്ടാൻ നിക്കാണ്ടെ പൊയ്ക്കോളു. അമ്മാളൂനെ നിങ്ങളെ ഏൽപ്പിച്ചിട്ടാ ഞാൻ പീടിക വരയ്ക്ക് പോയത്. എന്നിട്ട് ഇപ്പോൾ എന്തായി? മൂശേട്ട പെണ്ണുങ്ങളുടെ കൂടെ കുട്ടിയെ വിട്ടിരിക്കുന്നു. മഴ മുഴുവനും കൊണ്ട്ണ്ടാവില്ലേ ൻറെ കുട്ടി ?. പറ്റില്യാച്ചാ പറഞ്ഞൂടെ".

 

മുന്നിൽ കണ്ടവരെയൊക്കെ ശകാരിച്ചുകൊണ്ടു സേതു നടപ്പു തുടർന്നു. ആളുകൾ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. വേണുമാഷ് യാത്ര പറയാതെ പടിയിറങ്ങിപ്പോയി. കൊഴിഞ്ഞ നന്ദ്യാർവട്ടങ്ങൾ നിലത്ത് പടർന്നു കിടന്നു. തിരികെ കൂട് പറ്റാൻ പക്ഷിക്കൂട്ടങ്ങൾ വെമ്പികൊണ്ട് ആകാശത്തു കോലാഹലം തീർത്തു. ആകാശം ചുവപ്പണിഞ്ഞു.

 

അലോപ്പതി കടയിൽ നിന്ന് മേടിച്ച മരുന്ന് പൊടിച്ച് സീതവല്യമ്മ സേതുവിൻറെ കഞ്ഞിയിൽ ചേർത്തിളക്കി

 

"ഇതിപ്പോൾ എത്ര ദിവസായിന്നു വച്ചിട്ടാ ഇങ്ങനെ ഇതും കലക്കി കൊടുക്കാ? " - അവിടെയിരുന്ന ഏതോ ഒരു വൃദ്ധ അവരോട് ചോദിച്ചു

 

" അവൾ ഇങ്ങട്ട് വരട്ടെ. ഈർക്കിലി കമ്പു കൊണ്ട് ഒന്ന് കൊടുക്കണുണ്ട് അവൾക്ക് വേദനിക്കാതെ" - ശബ്ദം നേർത്ത് നേർത്ത് ശ്യൂന്യതയിലെത്തും വരെ സേതു ഉരുവിട്ടുകൊണ്ടിരുന്നു.

 

പുറത്ത് കാലവർഷം കനിവില്ലാതെ പെയ്തു തിമിർത്തു. പറമ്പിൽ സുമിത്രയ്ക് കത്തിച്ചു വയ്ച്ചിരുന്ന തിരിക്ക് തൊട്ടടുത്ത് ദിവസങ്ങൾക്ക് മുന്നേ കത്തിത്തീർന്ന ചിതയ്ക്ക് കൂട്ടായി മറ്റൊരു തിരിക്കൂടെ അന്നും തെളിഞ്ഞു. മഴ തല്ലിക്കൊഴിച്ച, ഇതളുകൾ പാതിയും വേർപെട്ട, അമ്മാളുവിനേറ്റവും പ്രിയപ്പെട്ട മഞ്ഞ നന്ദ്യാർവട്ടങ്ങൾ അവൾക്കു ചുറ്റും കരഞ്ഞുകൊണ്ട് നൃത്തം വച്ചു.