ട്രെയിനിന്‍റെ ചലനങ്ങള്‍ക്കൊപ്പം
ആടുന്ന നിന്റെ ശരീരം.
അതു നോക്കിരസിക്കുന്ന മധ്യവയസ്ക്കർ.
നീ പരത്തുന്ന സൗന്ദര്യത്തിൽ
അസൂയപൂണ്ടിരിക്കുന്ന മറ്റു പെണ്‍കുട്ടികള്‍.
ഇളം കറുത്ത നിറമുള്ള നിന്‍റെ തൊലിയുടെ
ആകര്‍ഷണത്തിൽ കുരുങ്ങിപ്പോയ യുവാക്കൾ.
ശരീരത്തെ വരിഞ്ഞ നിന്റെ ഇറുകിയ വസ്ത്രങ്ങള്‍ നോക്കി
പിറുപിറുക്കുന്ന മാന്യവനിതകള്‍.
നീ അറിയുന്നുണ്ടോ ഈ തീവണ്ടിയിലെ
മുഴുവന്‍ കണ്ണുകളും
ഇപ്പോള്‍ നിന്നിലാണ്.
അവരിലൊരാളായി ഞാനും..
.
ഹേ പെണ്‍കുട്ടി ,
എവിടെയോ നീ നെയ്‌തിരിക്കുന്ന
ഒരു വലയ്ക്കുള്ളില്‍ ഞാൻ ബന്ധിതനാണ്.
അത്,
ലഹരി പൂത്തുലയുന്ന നിന്‍റെ കണ്ണുകളോ,
മണല്‍ഘടികാര വളവുകളോ,
ചുറ്റിലും നീ പടർത്തുന്ന നിന്റെ കുലീനതയോ ഇതിലെന്തുമാകാം.
.
ആത്മാവ് നഷ്ടപെട്ടവനെ പോലെ
ഞാനിവിടെ,
നീ തീര്‍ക്കുന്ന ഏതോ ഒരു
മരിചികയില്‍ എന്നപോലെ,
നിലമറക്കുന്നു.
എന്നെ മുട്ടിയുരുമ്മി പോകുന്നവരെ
ഞാൻ അറിയുന്നില്ല.
വിഴുപ്പുകെട്ടുകളുടെ മണം
മനംപെരട്ടുന്നുണ്ടോ ?
നമ്മൾ കയറിയിറങ്ങി പോകുന്ന
സ്റ്റേഷനിലേതോ ഒന്നിലായിരുന്നോ
ഞാൻ ഇറങ്ങേണ്ടിയിരുന്നത് ?
അറിയുന്നില്ല !
മിഥ്യയും നിജവും പാമ്പും ഏണിയും കളിക്കുന്നു.
ട്രപ്പീസ്സുക്കാരന്‍ എറിയുന്ന ഓരോ വളയങ്ങളും
എന്നെ തൊടാതെ പോകുന്നു.
.
പക്ഷെ നീയോ,
ഭൂതകാല ഓര്‍മകളില്‍ പെട്ട്,
ശരീരം നഷ്ടപെട്ടവളെപോലെ,
വിധൂരതകൾ നിന്‍റെ കണ്ണുകളെ
ചൂഴുന്നെടുത്തത് പോലെ ,
നോട്ടങ്ങളെ ദൂരേയ്ക്ക് പറത്തി വിടുന്നു.
മറ്റാരുടെയോ വരവിനായി കാത്തിരിക്കുന്നു.
No comments:
Post a Comment