മറുത്തൊന്നും പറഞ്ഞേക്കരുത്.
ഇത്രനാളും പറഞ്ഞുപറ്റിക്കുന്നപോലെ അല്ല.
നമ്മൾ പോകുവാണ്.
ഇത്രനാളും പറഞ്ഞുപറ്റിക്കുന്നപോലെ അല്ല.
നമ്മൾ പോകുവാണ്.
നിന്നോട് പറയാതെ നിനക്ക് ഹറാമായ ഒന്ന്
ഞാന്‍ കുപ്പായത്തിനകത്ത്
ഒളിച്ചുവച്ചിട്ടുണ്ട്.
തണുപ്പുള്ളിടത്ത് രാത്രികള്‍
ആഘോഷിക്കപ്പെടുമ്പോള്‍
ഇത്തിരി ലഹരികൂടെ ഉള്ളത് ഒരു പ്രതേക രസാ.
കണ്ണുകളില്‍ ലഹരി പൂക്കുന്നത് നീ കണ്ടിട്ടില്ലല്ലോ ?
ഞാനത് കാണിച്ചു തരുന്നുണ്ട് .
പ്രേമം പൂക്കുന്നത് പിന്നെ,
നീ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതല്ലെ !
വിന്‍ഡോ സീറ്റ് ചോദിക്കാതെ തന്നെ
എനിക്കുവേണ്ടി മാറ്റിവക്കുമെന്നറിയാം .
ബസ് മലകയറാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പിന്നെ
മിണ്ടിയെന്നു വരില്ല.
ബാ, നമുക്കൊരുമിച്ചു പുറത്തേക്കു
നോക്കി ഇരിക്കാം.
മിണ്ടിയില്ലെങ്കിലും കൈയ്യിലെ പിടി ഞാന്‍ വിടില്ല.
ചൂഴ്ന്നു നോട്ടങ്ങളെ പേടിച്ചു
ഞാന്‍ അറിയാതെ
നീ എന്‍റെ കൈകള്‍ വേര്‍പ്പെടുത്താന്‍ ശ്രമിക്കണ്ട.
അന്നത്തെപോലെ
ഈ യാത്രയില്‍ ഞാന്‍ അത് അനുവദിച്ചുതരില്ല.
കൂടെ എൻറെ പ്രിയപ്പെട്ട കഥാകാരിയുടെ
പുസ്തകവും കരുതിവക്കണുണ്ട് .
രാത്രി നീ കിടന്നുറങ്ങുമ്പോള്‍ മാത്രേ
പുറത്തെടുത്ത് വായിക്കൂ.
പിന്നെ നമ്മളെ എഴുതാന്‍ വേണ്ടി മാത്രമൊരു
ചെറിയ കടലാസുകഷ്ണം അതിലെ
അവസാന പേജിൽ തുന്നി ചേര്‍ത്തിട്ടുണ്ട്.
അത് നിറയുന്നത് വരെ ആ രാത്രിയില്‍
എഴുതി മടുക്കണം.
ബാൽക്കണി ഉള്ള മുറി എത്ര നടന്നിട്ടാണെങ്കിലും
നീ കണ്ടുപിടിക്കില്ലേ ?
വെറുതെ ഞാൻ അവിടെ
കാഴ്ച്ചകൾ കാണുന്നെന്ന വ്യാജേന
പുറം തിരിഞ്ഞു നിൽക്കുമ്പോൾ
നീ വന്നു കെട്ടിപ്പിടിക്കുമെന്ന്
പിന്നെയും വെറുതെ വെറുതെ
ആഗ്രഹിച്ചോട്ടെ ?
രോമാവൃതമായിരുന്ന കാലുകൾ ഇന്നലെ രാത്രി
ഞാൻ മിനുസപ്പെടുത്തിയിരുന്നു.
ചെമ്പരത്തിമണമുള്ള സെൻറ് കുപ്പി
നാളെ രാത്രിക്കു വേണ്ടി പ്രതേകം കരുതിയിട്ടുണ്ട്.
നാളെ ചുവരുകള്‍ക്കുള്ളില്‍ നമ്മൾ തനിച്ചാകുമ്പോൾ,
നിന്‍റെ നെഞ്ചിടിപ്പ്
ഇങ്ങനെ തൊടാതെ നില്‍ക്കുമ്പോള്‍ പോലും
എനിക്ക് കേള്‍ക്കാനാകും.
ഉമ്മ വയ്ക്കാനെന്റെ ചുണ്ടുകള്‍
നിന്റേതു പരതുമ്പോള്‍ അന്നതെത് പോലെ
നീ പിന്നെയും അതിനെ അവഗണിക്കുമോ ?
പി എസ് : എന്നെയും കൂട്ടി ഞാൻ മടുക്കുന്നു എന്ന് പറയുമ്പോൾ മാത്രം തിരിച്ചു വരുന്ന ഒരു യാത്ര പോകാം എന്ന് എന്നെ ഇടയ്ക്കിടെ പറഞ്ഞു പറ്റിക്കുന്ന താടിക്കാരന് സമർപ്പിക്കുന്നു.