മരണത്തിന്‍റെ മണം അഥവാ നിലവിളികൾ
തെറ്റാണെന്ന് ശതമാനകണക്ക് നോക്കാതെ തന്നെ എത്രയോ ഉറപ്പുണ്ടായിട്ടും അതില്‍നിന്ന് മാറി ചിന്തിക്കാനുള്ള ധൈര്യം പോലും ഉള്ളിലെ ഭീരു കാണിച്ചില്ല. ഔധാര്യങ്ങള്‍ അനുവദിച്ചുകൊടുക്കരുതെന്ന്‍ മുന്നേ അകമേ ശാസിച്ചിരുന്നു.
പാപം !
ഇനി പാപമോചനമില്ല. അർഹമായതേ കൊതിയ്ക്കാവു.
പൂര്‍ണതയിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും എന്‍റെതാണ്, ഞാന്‍ തന്നെയാണ്. ജീവിക്കാനുള്ള നീതി നിഷേധിക്കാന്‍ സ്രഷ്ടാവ് എന്നുള്ള അവകാശത്തെ ദയയില്ലാതെ ഉപയോഗിക്കുന്നു. അപക്വതയുടെ പേരുപറഞ്ഞ് സ്വയം ന്യായീകരിക്കാന്‍ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്നു. കണ്ണുകളില്‍ നിറയുന്നത് നിസ്സഹായതയാണെന്നു കരുതി സമാധാനിക്കാന്‍ നോക്കി. പകരം പാപത്തിന്‍റെ ചുവന്ന കറ നിറഞ്ഞൊഴുകി.
ജോലി നൽകുന്ന സുരക്ഷിതത്വം, അപരിചിത മുഖങ്ങൾ മാത്രം ഉള്ള മറ്റൊരിടം, തിരിച്ചറിയപ്പെടുന്നതില്‍ നിന്നെല്ലമൊരു ഒളിച്ചോട്ടം. പോംവഴികള്‍ നിരത്തി എത്രയോ വട്ടം സ്വയം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ ഉള്ളിലെ ഭീരു കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു. കൊല്ലാന്‍ നില്‍ക്കുന്നവള്‍ക്ക് മരണഭയമോ ? ചുറ്റുപാടുകളെയാണോ ഭയക്കുന്നത് ? ചൂഴ്ന്നുനോട്ടങ്ങളെ എന്നാണ് പേടിച്ചു തുടങ്ങിയത് ?
ആശുപത്രിച്ചുവരുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവിടെ ഗൈനക്കോളജി വാര്‍ഡില്‍ കാത്തുകെട്ടി കിടക്കുന്ന സ്ത്രീകളുടെ ദുര്‍ബല ഞരക്കങ്ങളെന്നെ ലജ്ജിപ്പിച്ചു. മുഴച്ചു നിന്ന വയറുകള്‍, ഉറക്കം പരതുന്ന അവരുടെ ക്ഷീണിച്ച കണ്ണുകള്‍. മറ്റുചിലര്‍ ചേര്‍ത്തുപിടിച്ച നനുത്ത തുണികഷ്ണങ്ങള്‍ക്കുള്ളിലെ ചൂടില്‍ നിന്ന് എത്തി നോക്കുന്ന പാതിമാത്രം തുറന്ന കുഞ്ഞുകണ്ണുകള്‍. അവ പോലും എന്നെ ഭയപ്പെടുത്തി. മുഖം പൂഴ്ത്തി നടന്നു. വീണ്ടും ശ്വാസം മുട്ടുന്നു. ആ കെട്ടിടം ദൂരെയാകും വരെ ഓടി.
നഗരത്തിന്‍റെ തിരക്കില്‍നിന്ന് രക്ഷപ്പെട്ട് മുറിക്കുള്ളിലെ ശാന്തതയിലെയ്ക്ക് എത്തിപ്പെട്ടിട്ടും നിലയ്ക്കാത്ത അട്ടഹസങ്ങളുടെ ആവര്‍ത്തനം. പിന്നീടത് നിലവിളികളായും ഏങ്ങികരച്ചിലുകളായും മാറ്റൊലിച്ചു. കാതുകളെത്രകൂട്ടിയടച്ചിട്ടും പ്രകമ്പനങ്ങള്‍ നിലയ്ക്കുന്നില്ല.
മണിക്കൂറുകള്‍ നിരങ്ങി ഞെരുങ്ങി നീങ്ങി. ഉള്ളില്‍ രാസപക്രിയകള്‍ തുടങ്ങി. ഇരുളറകള്‍ ശൂന്യമായികൊണ്ടിരിക്കുന്നു. തേങ്ങല്‍ ഭിത്തികളില്‍ തട്ടി പ്രധിധ്വനിച്ചു. അവസാനിക്കുകയാണ്. പതിയെ പതിയെ നിലവിളികളുടെ തീവ്രത കുറഞ്ഞു വരുന്നുണ്ടോ?
മരണത്തിന്‍റെ മണം ചന്ദനത്തിരികളുടെയും നാറുന്ന ഡെറ്റോളിന്റെയും അല്ലെന്നു തിരിച്ചറിഞ്ഞു. മരണത്തിന്‍റെ മണം നിലവിളികളുടെതാണ്. അട്ടഹാസങ്ങളില്‍ തുടങ്ങി തേങ്ങലുകളുടെ ഏറ്റക്കുറചിലുകളില്‍ അവസാനിക്കുന്ന നിലവിളികളുടെ !
ഉപ്പൂറ്റി നനച്ചു തുടകളിലൂടെ ഊര്‍ന്ന രക്തം നിലത്തു മരണമെന്നെഴുതി. അതിനു എന്‍റെ വിയര്‍പ്പിന്‍റെ നാറിയ ഗന്ധം ഉണ്ടായിരുന്നു. കിടക്കയില്‍ പിറ്റേന്ന് കണ്ട ചെറിയ മാംസപിണ്ഡങ്ങളിൽ തിരഞ്ഞുറപ്പുവരുത്തി. ഇല്ല വിരലുകള്‍ മുളയ്ചിരുന്നില്ല !

No comments:
Post a Comment